Web Desk
മലപ്പുറം: കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ്. ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ ലീഗിന് അധികാരമില്ല. യുഡിഎഫ് തീരുമാനം മുസ്ലിം ലീഗ് പിന്തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് തള്ളി പറഞ്ഞത് കെ.എം മാണിയെയെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി കെട്ടിപ്പടുത്ത് സംരക്ഷിച്ച മാണിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഇത് രാഷ്ട്രീയപ്രശ്‌നമല്ല, നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ പാലിക്കണമെന്ന് പറയുന്നു. കാലുമാറ്റക്കാരന് പാരിതോഷികമായി പദവി നല്‍കണമെന്ന വാദം അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു. യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിവെക്കില്ലെന്ന് തീരുമാനമെടുത്തത്. ഇതാണ് അളവുകോലെങ്കില്‍ പി.ജെ ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് നേതൃത്വം പ്രശ്‌നപരിഹാരത്തിന് ഒരുതവണ പോലും ചര്‍ച്ച നടത്തിയില്ല. യുഡിഎഫ് തീരുമാനത്തിന് പിന്നില്‍ ബോധപൂര്‍ണ രാഷ്ട്രീയ അജന്‍ഡ. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
നാളെ ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ജോസ് പക്ഷത്തിന്‍റെ സ്റ്റിയറിങ് കമ്മിറ്റി ചേരും. കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രശ്‌നമെന്ന് ജോസ് കെ മാണി പറഞ്ഞു.