കുമ്പള: കുമ്പള പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സ്‌റ്റേഷനിലെ 20 പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായാണ് പോലീസുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. കണ്ണൂര്‍ പൊരിങ്ങോം സ്വദേശിയായ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമല്ല.
ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലുളള മേഖലയാണ് കുമ്പളം. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ കുമ്പള പഞ്ചായത്തില്‍ ഇന്ന് മുതല്‍ 15 ദിവസത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ഇന്നലെ ജില്ലയില്‍ പോസിറ്റീവായ 47 കേസുകളില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.