തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതില്‍ ഇടപെടാതിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 4 നാണ് തിരുവനന്തപുരത്ത് നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് സമരം ചെയ്തത്. ഇതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഗതാഗത സ്തംഭനവും അതിന്റെ ഫലമായുണ്ടായ യാത്രക്കാരന്റെ മരണവും സംഭവിക്കില്ലായിരുന്നു എന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ സമരം നടത്തുന്നത് വ്യാവസായിക തര്‍ക്ക നിയമത്തിന്റെ ലംഘനമായതിനാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.കുറ്റക്കാരായ ജീവനകാര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ കെ എസ് ആര്‍ സി സി മാനേജിംഗ് ഡയറക്ടര്‍ സ്വീകരിക്കണം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
അതേസമയം, മിന്നല്‍ പണിമുടക്കിനിടെ ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരനായ സുരേന്ദ്രന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മിന്നല്‍ പണിമുടക്കില്‍ ഉള്‍പ്പെട്ട 30 ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അച്ചടക്കനടപടി സ്വീകരിക്കാമെന്നും സിഎംഡി കമ്മീഷനെ കെഎസ്ആര്‍ടിസി അറിയിച്ചു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സംയമനത്തോടെ സമീപിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാകുമായിരുന്നില്ലെന്ന് കെ എസ് ആര്‍ ടി സി കമ്മീഷനെ അറിയിച്ചു. സംഭവത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി. കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.