തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സയ്ക്കായി മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പകരം ചുമതല ഏറ്റെടുക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചെന്നും പകരം ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയാനുള്ള തീരുമാനം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെയാണ് കോടിയേരി അവധിയില്‍ പ്രേശിച്ചിരിക്കുന്നത്. ബിനീഷിന്റെ വിഷയവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.












