കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലകെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും കോടിയേരി തുറന്നടിച്ചു. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.
‘അയോധ്യ, മുത്തലാഖ്, പൗരത്വഭേദഗതി വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയെക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായിപ്പോഴും ഇറക്കുന്നത്. അയോധ്യയില്‍ പള്ളിപൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടുകൂടിയാണ്. റാവുവിന്റെ പാരമ്പര്യം പിന്‍പറ്റിയാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ പടവുകള്‍ കയറുന്നത്.’ – കോടിയേരി ലേഖനത്തില്‍ പറയുന്നു.
ആര്‍.എസ്.എസ് അനുഭാവിയുടെ മകനാണ് ചെന്നിത്തലയെന്നും ആര്‍.എസ്.എസുകാരെക്കാള്‍ നാന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യ ശത്രുവായി കാണുന്നത് സിപിഎമ്മിനെയാണെന്നു പറഞ്ഞ കോടിയേരി ബിജെപിയെ വിമര്‍ശിക്കാനും മറന്നില്ല.
ശ്രീരാമന്റെ നിറം കാവിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാമനെ കാവിയില്‍ മുക്കി ഹിന്ദുത്വ കാര്‍ഡാക്കി കോവിഡ് കാലത്തും മോദിയും സംഘപരിവാറും കളിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ പരാജയം മൂടിവെക്കാനാണ് രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കുന്നതെന്നും പള്ളി തകര്‍ത്തിടത്ത് ക്ഷേത്രം പണിയുന്നത് ദേശീയ ആഘോഷമാക്കാന്‍ ഓഗസ്റ്റ് അഞ്ച് തെരഞ്ഞെടുത്തത് മോദിയുടേയും കൂട്ടരുടേയും വര്‍ഗിയതയുടെ ആഴം വെളിവാക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.