തിരുവനന്തപുരം: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐയ്ക്ക് കത്തയച്ചു. സി.എ.ജി റിപ്പോര്‍ട്ടിലാണ് നടപടി. ബോണ്ടിന് ആര്‍ബിഐ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടാണെന്ന് സൂചിപ്പിച്ച് റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ പുറത്തുവിട്ടത്. രഹസ്യാത്മകത സൂക്ഷിക്കാതെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കിഫ്ബി വിദേശത്തുനിന്ന് അടക്കം എടുക്കുന്ന മസാല ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ബോണ്ട് വിദേശത്ത് വിറ്റഴിച്ചതും അതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതും ഭരണഘടനാ വിരുദ്ധമാണ്. എടുത്ത 2150 കോടിയുടെ ബോണ്ട് തിരിച്ചടയ്ക്കുമേ്ബാള്‍ 3100 കോടിയോളം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
റിപ്പോര്‍ട്ട് പരാമര്‍ശിച്ച ധനമന്ത്രി കേന്ദ്ര ഏജന്‍സികളെവെച്ച് സംസ്ഥാനങ്ങളെ മെരുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചിരുന്നു. നിയമസഭയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ നിലപാട്. സതീശന്‍ ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. സാധാരണ ഓഡിറ്റ് നടക്കുമ്പോള്‍ അക്കൗണ്ടന്റ് ജനറല്‍ ബന്ധപ്പെട്ട വകുപ്പുകളോട് ഓഡിറ്റ് കണ്ടെത്തല്‍ സംബന്ധിച്ച് വിശദീകരണം തേടും. വകുപ്പുകളുടെ മറുപടികൂടി ഉള്‍പ്പെടുത്തിയാണ് ഇത് റിപ്പോര്‍ട്ടാക്കുന്നത്. ഇത് സി.എ.ജി അംഗീകരിക്കുമ്പോള്‍ അന്തിമ റിപ്പോര്‍ട്ടാകും. കരട് റിപ്പോര്‍ട്ട് സാധാരണ പൂര്‍ണ രൂപത്തില്‍ സര്‍ക്കാറിന് അയക്കാറില്ല. അന്തിമ റിപ്പോര്‍ട്ടാണ് നല്‍കുക. സി.എ.ജി റിപ്പോര്‍ട്ട് ധനവകുപ്പിന് അയച്ചുകൊടുക്കുകയും ബന്ധപ്പെട്ടവര്‍ അത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്യും. ഗവര്‍ണര്‍ ഇത് സ്പീക്കര്‍ക്ക് കൈമാറും. ഇത് നിയമസഭയില്‍ ധനമന്ത്രി സമര്‍പ്പിക്കുകയാണ് പതിവ്.