കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്‍റിജൻ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘത്തിനെ കുറേ സാമൂഹിക വിരുദ്ധർ തടഞ്ഞു വയ്ക്കുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും രോഗം പടരുവാനിടയാകും വിധം അടിയന്തര സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. കോവിഡിനെതിരെ മുൻനിര പോരാട്ടം നടത്തുന്ന ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും സംരക്ഷണവും മേലധികാരികളുടെ ഉത്തരവാദിത്വമാണ്.
ഫീൽഡ് തല പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി നൽകാൻ പോലീസ്, തദ്ദേശ ഭരണ സംവിധാനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ രോഗികളുടെ എണ്ണം അതിവേഗം പെരുകുന്ന സാഹചര്യത്തിൽ ആശുപത്രിയ്ക്ക് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ താൽകാലിക ജീവനക്കാരെ നിയമിക്കുകയും നിലവിലുള്ള ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ ജീവനക്കാരെ ആശുപത്രികളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ ജീവനക്കാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു ഈ യജ്ഞത്തെ വിജയിപ്പിക്കാൻ പൊതു സമൂഹം മുന്നിട്ടിറങ്ങുകയും അതിനെതിരെയുള്ള സാമൂഹിക വിരുദ്ധ പ്രവണതകളെ തടയുകയും വേണമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ വി സുനിൽ കുമാറും സെക്രട്ടറി ഡോ അരുൺ എ ജോണും പ്രസ്താവിച്ചു.

















