കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെയാണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്. ജെന്‍ റോബോട്ടിക്‌സ് ഇന്നോവേഷന്‍സ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്‌സ് ഐ. ടി. സൊല്യൂഷന്‍സ് എന്നിങ്ങനെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ വളര്‍ന്നു വന്ന ഒരുസംരംഭമാണ് ജെന്റോബോട്ടിക്‌സ് ഇന്നോവേഷന്‍സ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്.
‘ഇന്നത്തെ അവസ്ഥയില്‍ സമ്പത് ഘടനയുടെ പുനര്‍ജീവനത്തില്‍ സ്റ്റാര്‍ട്ടപ്പ് കളുടെ പങ്ക് വളരെ വലുതാണ്’. കെ ഫ് സി – സി എം ഡി ശ്രി ടോമിന്‍ ജെ തച്ചങ്കരി ഐ പി എസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് കള്‍ക്ക് കാലോചിതമായ സാമ്പത്തിക സഹായം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്കു വളരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ആണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിനു കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ല. അതുപോലെ തന്നെ സര്‍ക്കാറിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനു ഒരു കോടി രൂപ വരെ ലഭ്യമാകും. ഇതിനു പുറമെ ഒരു സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഐ. ടി. ഉള്‍പ്പടെ എല്ലാ മേഖലകളിലേയും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച ആറിന പരിപാടിയോട് യോജിച്ചു ഈ രംഗത്ത് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടികള്‍ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ മികച്ച സ്റ്റാര്‍ട്ട് അപ്പ് കള്‍ കണ്ടെത്തുന്നതിനും അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും മാത്രമായി ഒരു പ്രത്യേക സ്റ്റാര്‍ട്ട് അപ്പ് സെല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസില്‍ രൂപീകരിച്ചതായി ശ്രി തച്ചങ്കരി അറിയിച്ചു.