തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സംബന്ധിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഷോര്‍ട് സര്‍ക്യൂട്ട് പരാമര്‍ശമില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം തീപിടുത്തം ഉണ്ടായ ഭാഗത്തുനിന്ന് മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവ തീപിടുത്തിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് നേരത്തെ ഫിസിക്‌സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെട്രോള്‍, ഡീസല്‍ അംശം ഉണ്ടോയെന്നതാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു തീപിടുത്തം. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട് സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.