കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് അരലക്ഷത്തിലേറെ പേര്‍ക്ക്
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 55,475 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 9,405 പേര്‍ക്ക്. തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍കോട് 1729, വയനാട് 1070 എന്നിങ്ങനെയാണ് ഇതര ജില്ലകളിലെ രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളില്‍ എഴുപതു പേര്‍ കോവിഡ് മൂലം മരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയര്‍ന്നു തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,281 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 49.40 ശതമാനമാണ്.
പുതിയതായി 1,387 പേര്‍ ആശുപത്രിയില്‍ ചികിത്സ നേടിയെത്തി. നിലവില്‍ 2,85,365 കോവിഡ് കേസുകളാണുള്ളത്. ഇതില്‍ നാലു ശതമാനത്തില്‍ താഴെ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ബാക്കിയുള്ളവര്‍ ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
എഴുപതു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 52,141 ആയി.












