തിരുവനന്തപുരം: കോവിഡ് പച്ഛാത്തലത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കേസ് ഇനി മാര്‍ച്ച് അഞ്ചിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍.ടി.പി.സി.ആര്‍. പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ഹര്‍ജി. കാസര്‍കോഡ് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്.
കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രി മറുപടി നല്‍കിയിരുന്നു. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ ആണ് ട്വീറ്റ് ചെയ്തത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്.
കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കര്‍ണാടകം നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും കടുത്ത പ്രതിസന്ധിയിലാണ്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.