തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. പുറം രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും നിലവിലെ ചട്ടം തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് ക്വാറന്റീന്‍. എട്ടാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിലും ഹോം ക്വാറന്റീനില്‍ തുടരണം. പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ തുടരാം. കേന്ദ്രത്തിന്റെ നിര്‍ദേശം സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് പ്രവാസി ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, വിമാനയാത്രക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവ് ആണെങ്കില്‍ രാജ്യത്ത് ക്വാറന്റീന്‍ ആവശ്യമില്ല. ഇത്തരക്കാര്‍ വീടുകളിലോ സ്ഥാപനങ്ങളിലോ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. അതത് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പ്രവാസികള്‍ നിലവിലെ ക്വാറന്റീന്‍ നിര്‍ദേശം പൂര്‍ണമായും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.












