തിരുവനന്തപുരം: നെല്‍ വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ നെല്‍കൃഷി ചെയ്യുന്നവരും റോയല്‍റ്റിക്ക് അര്‍ഹരാണ്.
നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, നിലക്കടല, എള്ള് തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടായിരിക്കും തുക എത്തുകയെന്നും അധികൃതര്‍ അറിയിച്ചു.
നെല്‍വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ സ്വന്തമായോ, മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ നെല്‍കൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും.
അതേസമയം ഭൂമി മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാകില്ല. വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്കാണ് റോയല്‍റ്റി ലഭിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ ഇതിന് അപേക്ഷ നല്‍കാം. www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാവുന്നതാണ്.