കോട്ടയം : സത്യത്തെ നിരന്തരം വേട്ടയാടുന്നവര്‍ക്ക് തിരിച്ചടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന് തെളിയിക്കുന്നതാണ് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് പി.ജെ ജോസഫ് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിയെന്ന് ജോസ് കെ.മാണി. കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അംഗീകരിക്കാന്‍ പി.ജെ ജോസഫ് വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിന് വേണ്ടി നിരന്തരം കോടതികളെ സമീപിക്കുക എന്നതായിരുന്നു ജോസഫ് വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്.
പി.ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരില്‍ ഹൈക്കോടതിയെ സമീപിച്ചതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. ഈ ഉത്തരവോടുകൂടി കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഒരു കാരണവശാലും ഉപയോഗിക്കാന്‍ നിയമപരമായി അവകാശമില്ല എന്നാല്‍ പുതിയ തിരുത്തല്‍ ഉത്തരവില്‍ വ്യക്തമായിരിക്കുകയാണ്. നിലവില്‍ കേരളാ കോണ്‍ഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം നഷ്ട്ടപ്പെട്ട പി.ജെ ജോസഫിന് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ ഇനി മാര്‍ഗ്ഗമുള്ളൂ എന്നും ജോസ് കെ.മാണി പറഞ്ഞു.