തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന പര്യടനത്തിന് തുടക്കം. കൊല്ലം ജില്ലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. വൈകിട്ട് പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും. എല്ലാ ജില്ലകളിലേയും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. എല്ലാ ജില്ലകളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. ജില്ലകളില്‍ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്.
രാവിലെ 8.30ന് മുഖ്യമന്ത്രി കൊല്ലത്തെത്തും. ജില്ലയിലെ പ്രധാന ബിഷപ്പുമാര്‍, മുസ്‌ലിം മത പണ്ഡിതന്മാര്‍, കശുവണ്ടി വ്യവസായികള്‍, വിവിധ മാനേജ്‌മെന്റ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളില്‍ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. കൊല്ലം ബീച്ച് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് കൂടിക്കാഴ്ച. പൊതുസമ്മേളനം ഉണ്ടാവില്ല. ഒരുമണിവരെ കൊല്ലം ജില്ലയില്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോകും.











