കൊല്ലം: നാടന്‍ മാവുകള്‍ സംരക്ഷിക്കാനുളള പദ്ധതിയുമായി കേരള കാര്‍ഷിക സര്‍വകലാശാല. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പല നാടന്‍ മാവിനങ്ങളും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതിനെ തുടര്‍ന്നാണ് പദ്ധതിയുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത്. ഭാവി തലമുറയ്ക്കായി ഇത്തരം മാവിനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പല നാടന്‍ മാവിനങ്ങള്‍ ചില വീട്ടുവളപ്പുകളില്‍ ഇപ്പോഴും വളരുന്നുണ്ട്. അവയെ കണ്ടെത്തി സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ നാടന്‍ മാവിനങ്ങള്‍ വീട്ടുവളപ്പില്‍ ഉള്ള കര്‍ഷകര്‍ക്ക് സംരക്ഷണ പദ്ധതിയുടെ ഭാഗാമാകാനും സാധിക്കും.
മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാടന്‍ മാവുകളുടെ വൈവിധ്യം തന്നെ കേരളത്തിലുണ്ട്. കര്‍പ്പൂര വരിക്ക, താളി മാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, കസ്തൂരി മാങ്ങ, കര്‍പ്പൂരം, പോളച്ചിറ, നെടുങ്ങോലന്‍ മാങ്ങ, കോട്ടുകോണം മാങ്ങ, വെള്ളരി മാങ്ങ, മൂവാണ്ടന്‍ മാങ്ങ, തേമ്പാരു മാങ്ങ തുടങ്ങി നിരവധി നാടന്‍ ഇനങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിലെ മാറുന്ന സാമൂഹ്യ പരിതസ്ഥിതിയിലും ഭൂവിനിയോഗത്താലും മാവ് കൃഷി കുറഞ്ഞു വരുന്നുണ്ട്. നാടന്‍ മാവിനങ്ങളുടെ വന്‍തോതിലുള്ള നാശത്തിനാണ് ഇതു വഴിവയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് നാടന്‍ മാവിനങ്ങളുടെ സംരക്ഷണത്തിന് കാര്‍ഷിക സര്‍വകലാശാല മുന്നിട്ടിറങ്ങുന്നത്. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നാടന്‍ മാവിനങ്ങള്‍ വീട്ടു വളപ്പിലുളള കര്‍ഷകര്‍ 8137840196 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചുട്ടുണ്ട്.