English हिंदी

Blog

ramesh-chennithala

 

കേരള തീരത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 5000 കോടിയുടെ കരാറുണ്ടാക്കി. നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. 2018ല്‍ ഇഎംസിസി കമ്പനി അധികൃതരുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ വെച്ച് ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

1. അമൂല്യമാണ് കേരളത്തിന്റെ മത്സ്യസമ്പത്ത്. ഇത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളും കമ്പനികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ ചെറുത്തു നില്പ്പിലൂടെയാണ് കേരളം ആ ശ്രമങ്ങളെ ഇതുവരെ പരാജയപ്പെട്ടുത്തിയിരുന്നത്.

2. എന്നാല്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും ഒരുവന്‍കിട അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്.

3. ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ്  ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.

4. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്.

5. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളില്‍ കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു.

6. 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റല്‍ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി.

7. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തു വന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും വന്‍ചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്. സി.പി.എമ്മും ശക്തമായ എതിര്‍പ്പാണ് ഇതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്.

8. എന്നാല്‍, പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തകിടം മറിഞ്ഞ്, വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.

9. കോടികളുടെ തിരിമറി ഈ ഇടപാടില്‍  ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നു.

10. ഇപ്പോള്‍ തന്നെ കേരളത്തിന്റെ മത്സ്യബന്ധനമേഖലയും, പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസനധി നേരിടുകയാണ്. മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. നമുക്ക് സുലഭമായി കിട്ടിക്കൊണ്ടിരുന്ന പല മത്സ്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.

11. വന്‍കിട കുത്തക കമ്പനികളുടെ അനിയന്ത്രിതമായ ആഴക്കടല്‍ മത്സ്യബന്ധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഏതാണ്ട് എല്ലാ പ്രധാന സമുദ്രമേഖലകളിലെയും മത്സ്യസമ്പത്ത് ശുഷ്‌ക്കമായിപ്പോയെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

12. ഈ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലും ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെയും ശേഷിച്ചിട്ടുള്ള മത്സ്യസമ്പത്തില്‍ ഈ കൂറ്റന്‍ കമ്പനികളുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്.

13. ഇത് അനുവദിച്ചുകൊടുത്താല്‍ കേരള സമുദ്രത്തതീരത്തെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളടയിക്കപ്പെടും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടും.

14. ആഴക്കടലില്‍ മാത്രമായി ഇവരുടെ മത്സ്യബന്ധം പരിമിതപ്പെടും എന്ന് പറയാനുമാവില്ല.

15. ഇടതുസര്‍ക്കാര്‍ അന്തര്‍ദേശിയ തലത്തില്‍ ആസൂത്രണം ചെയ്ത മറ്റു കൊള്ളകളായ സ്പ്രിംഗ്ളര്‍, ഇ.മൊബിലിറ്റി തുടങ്ങിയവ പോലെയോ അതിനെക്കാള്‍ ഗുരുതരമോ ആണ് ഇത്.

16. ഈ കരാര്‍ ഒപ്പിടും മുന്‍പ് ഭരണമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിക്കാതെയാണ് വിദേശ കപ്പലുകളെ നമ്മുടെ തീരത്തേയ്ക്ക് കൊണ്ടുവരാനുള്ള അത്യന്തം അപകടകരമായ നീക്കം സര്‍ക്കാര്‍ നടത്തിയത്.

18. ഇതിനു പിന്നില്‍ വന്‍ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

19. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്.

20. ആ മീറ്റിംഗിനെ തുടര്‍ന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കപ്പെട്ടു.

21. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വര്‍ഷം  അതായത് 2019 ല്‍ മത്സ്യനയത്തില്‍ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് സംശയത്തിനിട നല്‍കുന്നു.

22.  14.01.2019 ലെ സ.ഉ(കൈ) നം. 2/2019/മ.തു.വ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ ഫിഷറീസ് നയം പ്രഖ്യാപിച്ചു.

23. പ്രസ്തുത നയത്തിലെ ഖണ്ഡിക 2.9 പ്രകാരമാണ് ഇത്തരമൊരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

24. പ്രസ്തുത  നിബന്ധന  ഫിഷറീസ് മന്ത്രിയുടെ മീറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമാവുകയാണ്.

25. ( മത്സ്യ നയത്തിലെ ഖണ്ഡിക 2.9 ഇങ്ങനെയാണ്. – അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫ് ഏരിയയില്‍ നിന്നും നിലവിലെ മത്സ്യബന്ധന സമ്മര്‍ദ്ദം കോണ്ടിനെന്റല്‍ സ്ലോപ്പ് ഏരിയയിലേക്ക് മാറ്റപ്പെടേണ്ടതിന് പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും).

26. തുടര്‍ന്ന് 2020 ല്‍ കൊച്ചയില്‍ നടന്ന അസന്റിലേക്ക് ഈ കമ്പനിയെ ക്ഷണിച്ചു വരുത്തുകയും അവിടെ വച്ച് ധാരണാ പത്രത്തില്‍ ഒപ്പിടുകയുമാണ് ചെയ്തത്.

27. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍ നാഷണലിന്റെ സബ്സിഡയറി കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിയുമായാണ് ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്.

28. ഈ കമ്പനി രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് രൂപീകരിച്ചത്. മൂലധനം വെറും 10 ലക്ഷം രൂപ മാത്രം

29. മറ്റു തട്ടിപ്പുകള്‍ പോലെ ഇതിലും താത്പര്യപത്രം ക്ഷണിക്കുകയോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ല.

30. കരാര്‍ അനുസരിച്ച് 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍ വാങ്ങും. ഓരോന്നിനും വില 2 കോടി രൂപ.

31. അഞ്ച് മദര്‍ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ

32. ഈ ട്രോളറുകള്‍ അടുക്കാന്‍ കേരളത്തിലെ ഹാര്‍ബറുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ ഇവിടുത്തെ ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയ ഹാര്‍ബറുകള്‍ ഉണ്ടാക്കുകയും ചെയ്യും.

33. ഇങ്ങനെ പിടിക്കുന്ന മത്സ്യം കേരളത്തില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന്ാണ് വാഗ്ദാനം ചെയ്യുന്നത്. അതിനായി സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കും.

34. ഇതിനായി പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം നല്‍കാനും ധാരണയുണ്ട്.

35. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.

36. പക്ഷേ, മത്സ്യസമ്പത്ത് അപ്പാടെ തൂത്തുവാരുന്നതോടെ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ നശിക്കും. ലോകത്ത് മറ്റു എല്ലായിടത്തും സംഭവിച്ചതുപോലെ ഇവിടെയും മത്സ്യമേഖല അപ്പാടെ നശിക്കുകയാവും ചെയ്യുന്നത്.

37. കേരളത്തിലെ മത്സ്യവിപണ മേഖലയില്‍ ഇതിന്റെ ആഘാതം വലിയ ദുരന്തങ്ങളും, ഭവിഷ്യത്തുകളും ഉണ്ടാക്കും.

38.  ആരെ സഹായിക്കാനാണ് ഇത്തരമൊരു വികലമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

39. ഇക്കാര്യത്തില്‍ വന്‍ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇടതു മുന്നണിയെലെ ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണം.

40. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അമേരിക്കന്‍ കുത്തക കമ്പനിയുടെ ആശ്രിതരും, കൂലിത്തൊഴിലാളികളാക്കുന്ന നടപടിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സംഭവിക്കാന്‍ പോകുന്നത്.

41.  കേരളത്തിലെ മത്സ്യത്തൊഴികളുടെ വരുമാനവും, കയറ്റുമതിയും വര്‍ദ്ധിപ്പിക്കും തുടങ്ങി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പ്രലോഭിപ്പിക്കുന്ന നിരവധി മോഹന വാഗ്ദാനങ്ങള്‍ കമ്പനിയും മുന്നോട്ട് വക്കുന്നുണ്ട്.  ഇതേ ന്യായങ്ങള്‍ തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് അത്ഭുതകരം.

42. കേരളത്തിന്റെ കടലിനെ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കാനുമിടായക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം.

43. ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

Also read:  സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്