കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. സിപിഎം നേതാവ് പി. ജയരാജന്‍ അടക്കമുള്ളവരുടെ ഹര്‍ജി കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തളളിയത്. 25 പ്രതികളാണ് യുഎപിഎ ചുമത്തിയതിനെതിരെ കോടതിയെ സമീപിച്ചത്. യുഎപിഎ ചുമത്തിയ നടപടി നിയമവിരുദ്ധമെന്നായിരുന്നു ജയരാജന്റെ വാദം.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. 2018ലാണ് കേസില്‍ പി.ജയരാജനെതിരെ യുഎപിഎ ചുമത്തുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.











