ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര മച്ചില്‍ സെക്ടറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റന്‍ അശുതോഷ് കുമാറും (24) രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെടിവെയ്പ്പില്‍ 3 ഭീകരരും കൊല്ലപ്പെട്ടു.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുപ്വാര ജില്ലയില്‍ പതിവ് പട്രോളിങ്ങിനിടെയാണ് നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആക്രമണം നടക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് ഒരു എ.കെ 47 കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ രണ്ട് ബാഗുകളും പരിശോധനയ്ക്ക് എടുത്തു.