സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. അതേസമയം ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നിലവിലെ സ്ഥിതി സമൂഹവ്യാപന സാധ്യത കൂട്ടുമെന്നും ഈ സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് ജോലിക്ക് പോകാന്‍ നല്‍കിയിരുന്ന പാസ് ഇന്നു മുതല്‍ നിര്‍ത്തും. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ അധികം പേരും കര്‍ണാടകയില്‍ ജോലിക്കായി പോയി വന്നവരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി വഴിയുളള യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുന്നത്. കര്‍ണാടകയിലേക്ക് ദിവസേന ജോലിയ്ക്ക് പോകുന്നവര്‍ 28 ദിവസം അവിടെ താമസിച്ച ശേഷം മാത്രം തിരിച്ച് വന്നാല്‍ മതി. ഇത് കേരളത്തിലേക്ക് വരുന്നവര്‍ക്കും ബാധകമാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ കാല്‍നടയായി വരുന്നപരെ തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കര്‍ണാടകയില്‍ ജോലിക്കുപോയ അഞ്ചു പേര്‍ക്കാണ് രണ്ട് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.