English हिंदी

Blog

mutual fund

കെ.അരവിന്ദ്

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി ഗണ്യമായ നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപകര്‍ നടത്തുന്നതിന് പിന്നിലെ കാരണമെന്താണ്? നേരത്തെ ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് എന്നൊക്കെ കേട്ടാല്‍ മുഖം തിരിച്ചിരുന്ന, എസ്ഐപി എന്താണെന്ന് മനസിലാക്കാന്‍ പോലും ശ്രമിക്കാതിരുന്ന നിക്ഷേപകര്‍ പോലും ഇത്തരത്തില്‍ നിക്ഷേപം ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിന് കാരണം മാറിയ അന്തരീക്ഷം തന്നെ.

ഓഹരി വിപണിയിലല്ലാതെ മറ്റെവിടെ നിക്ഷേപിക്കുമെന്ന ചോദ്യമാണ് നിക്ഷേപകരുടെ മുന്നില്‍ ഇപ്പോഴുള്ളത്. മറ്റൊരു നിക്ഷേപ മാര്‍ഗവും ആകര്‍ഷകമായ നേട്ടം നല്‍കുന്നില്ല. ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഗണ്യമായി കുറഞ്ഞതോടെ പലിശ നിരക്കുമായി തട്ടികിഴിക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്നത് നിസ്സാരമായ റിട്ടേണ്‍ മാത്രമാണെന്ന് നിക്ഷേപകര്‍ക്ക് ബോധ്യമായി കഴിഞ്ഞു. നേരത്തെ റിസ്‌കില്ല എന്ന ഒറ്റ കാരണത്താല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളിലും ചെറുകിട സമ്പാദ്യ പദ്ധതികളിലും നിക്ഷേപിച്ചിരുന്നവരില്‍ ഒരു വിഭാഗത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. റിസ്‌കില്ലെങ്കിലും തുച്ഛമായ റിട്ടേണ്‍ മാത്രം കിട്ടുന്ന സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ബദല്‍ തേടുന്നതാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപിയിലേക്ക് അത്തരം നിക്ഷേപകരെ എത്തിക്കുന്നത്.

Also read:  വിപണി മുന്നേറാന്‍ സാധ്യതയുണ്ടെങ്കിലും നിക്ഷേപകര്‍ക്ക്‌ കരുതല്‍ വേണം

ഓഹരി വിപണി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ അസാധാരണമായ മുന്നേറ്റം അടുത്തുള്ള വര്‍ഷങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ചെറുകിട നിക്ഷേപകരെ ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയത് ആകര്‍ഷകമായ നേട്ടമാണ്. ഈ നേട്ടം തുടര്‍ന്നും ലഭ്യമാകണമെങ്കില്‍ നിക്ഷേപം നടത്തുന്നത് വൈകിപ്പിക്കാതെ, പ്രതിമാസ അടിസ്ഥാനത്തില്‍ സ്ഥിരമായി ചെയ്യുന്നതാണ് നല്ലതെന്ന ബോധ്യം അതുകൊണ്ടുതന്നെ നിക്ഷേപകരെ ഭരിക്കുന്നു.

Also read:  പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

എസ്ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് ഓഹരി വിപണിയില്‍ തിരുത്തലുണ്ടായാലും ഭയപ്പെടേണ്ടതില്ലെന്ന ബോധവല്‍ക്കരണം നിക്ഷേപകര്‍ക്കിടയില്‍ വ്യാപകമായതും ഈ നിക്ഷേപ രീതിയ്ക്കുള്ള ആകര്‍ഷണീയത വര്‍ധിപ്പിച്ചിരിക്കുന്നു. എസ്ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് ഒന്നിച്ച് നിക്ഷേപം നടത്തുന്നവരെ പോലെ അവസരത്തിനായി കാത്തിരിക്കേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഏത് വിപണി കാലാവസ്ഥയിലും നിക്ഷേപകര്‍ക്ക് പിന്തുടരാവുന്ന മാര്‍ഗമാണ് എസ്ഐപിയെങ്കിലും മുന്‍കാല ങ്ങളില്‍ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപകര്‍ എസ്ഐ പി നിക്ഷേപത്തില്‍ ഏറ്റകുറച്ചിലുകള്‍ വരുത്തിയിരുന്നു. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം പ്രവചനീയമായ രീതിയിലാണ് മുന്‍കാലങ്ങളില്‍ നടന്നിരുന്നത്. വിപണി ഉയരുമ്പോള്‍ ഇക്വിറ്റി ഫണ്ടുകളി ലെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുകയും വിപണി തിരുത്തലിന് വിധേയമാകുമ്പോള്‍ നിക്ഷേപം കുറയുന്നതുമായിരുന്നു മുന്‍കാലങ്ങളിലെ പ്രവണത. വിപണിയുടെ ഹ്രസ്വകാലത്തെ പ്രകടനത്തെ മാനദണ്ഡമാക്കിയാണ് നിക്ഷേപകര്‍ തീരുമാനമെടുത്തിരുന്നത് എന്നതാണ് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തെയോ ആറ് മാസത്തെയോ റിട്ടേണ്‍ മികച്ചതാണെങ്കില്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിക്കുന്നു, മറിച്ചാണെങ്കില്‍ നിക്ഷേപം കുറഞ്ഞുവരുന്നു-നേരത്തെ ഇതായിരുന്നു സ്ഥിതി.

Also read:  വിപണി തിരികെ കയറി; നിഫ്റ്റി വീണ്ടും 11,200ന് മുകളില്‍

എന്നാല്‍ ഇപ്പോള്‍ നിക്ഷേപകരുടെ വിപണിയുടെ ചാഞ്ചാട്ടങ്ങളോടുള്ള പ്രതികരണം തീര്‍ത്തും വിഭിന്നമായ രീതിയിലാണ്. വിപണിയിലെ തിരുത്തലിനെ ഗൗനിക്കാതെ നിക്ഷേപകര്‍ എസ്ഐപി വഴിയുള്ള നിക്ഷേപം തുടരുകയും ഓരോ മാസവും കൂടുതല്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചു വരുന്ന ഈ പ്രവണത വന്‍കിട ഓഹരികള്‍ ചെലവേറിയതായി മാറാനും കാരണമായിട്ടുണ്ട്.