തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.
സ്ട്രീം ഒന്ന് ഉദ്യോഗസ്ഥരല്ലാത്തവർക്കു വേണ്ടിയാണ് ബോർഡ് ക്ലാസ് സംഘടിപ്പിച്ചിരുന്നത്. ഏതാണ്ട് 4,500ൽ അധികം പേരാണ് ഈ പരീശീലനത്തിൽ പങ്കെടുത്തത്. സ്വകാര്യ കോച്ചിങ് സെന്‍ററുകൾ പതിനായിരത്തിൽ അധികം രൂപ ഫീസ് വാങ്ങിയ ഇടത്താണ് ഈ സൗജന്യ പരീശീലനം യുവജന ക്ഷേമ ബോർഡ് നൽകിയത്. യുവജനക്ഷേമ ബോർഡിന്‍റെ പരിശീലന പദ്ധതി സുതാര്യമായതിനാൽ ക്‌ളാസുകൾ യൂട്യൂബിൽ ലൈവായും വീഡിയോ അപ് ലോഡുംചെയ്തിരുന്നു. അതു കൊണ്ട് തന്നെ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കും ക്ലാസുകൾ യുട്യൂബ് വഴി പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സൗജന്യ കോച്ചിംഗിനാവശ്യമായ ക്രമീകരണങ്ങൾ നൽകിയത്.
സിലബസ് ആഴത്തിൽ പഠിപ്പിച്ച് ചിട്ടയോടെ പരിശീലനം നൽകി എന്നതാണ് യുവജനക്ഷേമ ബോർഡിന്‍റെ നേട്ടം. അത് കൊണ്ട് തന്നെ ഈ പരിശീലനത്തിൽ പങ്കെടുത്തവർക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞു. അതേസമയം പരിശീലനം ആരംഭിച്ച ഘട്ടത്തിൽ തന്നെ മികച്ചതായിരുന്നു എന്ന ബോധ്യം വന്നത് മനസിലാക്കി ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെയും നിക്ഷിപ്ത താൽപ്പര്യത്തോടെയും ദുഷ്പ്രചരണങ്ങൾ നടത്തി. ക്ലാസിന് നേതൃത്വം കൊടുത്ത അലക്സാണ്ടർ ജേക്കബ്ബിനേയേയും വ്യക്തിപരമായി അധിക്ഷേപിച്ചു. എന്നാൽ അത്തരം ആരോപണങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണു യുവജനക്ഷേമ ബോർഡിന്‍റെ പരിശീലനം ലഭിച്ചവർ മികച്ച നേട്ടം കൈവരിച്ചത്. ആരോപണങ്ങൾ ഉന്നയിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഈ അഭിമാനകരമായ നേട്ടമെന്നു വൈസ് ചെയർമാൻ പി.ബിജു.