ന്യൂഡല്‍ഹി: കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. യുപി സര്‍ക്കാര്‍ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച വികാസ് ദുബെയും സംഘവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. കാണ്‍പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാഴ്ച്ചയ്ക്കിടെ വികാസ് ദുബെയുടെ സംഘത്തിലെ ആറ്പേരാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ബി.എസ്.പി നേതാവ് മായാവതിയും രംഗത്തെത്തി.
അതേസമയം ബിജെപി നേതാക്കളുമായുള്ള ദുബെയുടെ രഹസ്യബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പോലീസിന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്‍റെ വിശദീകരണം. ഏഴ് ദിവസത്തെ തിരച്ചിലിനൊടുവില്‍ മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് ദുബെ പോലീസ് പിടിയിലായത്.



















