ഭോപാല്‍: ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയതോടെ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന.
ദാബ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിയെ ഐറ്റം എന്ന് സംബോധന ചെയ്തായിരുന്നു കമല്‍നാഥിന്റെ മോശം പരാമര്‍ശം. “ഞങ്ങളുടെ സ്ഥാനാര്‍ത്ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ത്ഥിയെ പോലെ അല്ല. ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്, എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം, എന്തൊരു ഐറ്റമാണിവര്‍” – എന്നായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍.
ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് ഉച്ചത്തില്‍ വിളിച്ചു പറയുകയുമുണ്ടായി. വീഡിയോ വൈറലായതോടെ കമല്‍നാഥിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവി രംഗത്തെത്തി. ദ്രരിദ്ര കുടുംബത്തില്‍ ജനിച്ചതും, ദളിതയായതുമാണോ തന്റെ കുറ്റമെന്നു ചോദിച്ച ഇമാര്‍തി, ഇത്തരക്കാരെ കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കരുതെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
കമല്‍നാഥിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. ജനസേവനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഒരു സ്ത്രീക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ബിജെപി പ്രത്യക്ഷ സമരം നടത്തി. ഭോപ്പാലില്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.