തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ സംഗീത പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കും. എം.ജി. ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, എം. ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് കൈതപ്രത്തിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മലയാള ഭാഷയുടെ സൗന്ദര്യവും കേരളത്തിന്റെ ഗ്രാമതയും ഒരുപോലെ സമന്വയിപ്പിക്കുന്ന തനിമയുള്ള കാവ്യധാരയുടെ വക്താവായ കൈതപ്രം താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തിയ കവിയാണ്. നിയതമായി ലഭിക്കുന്ന ഈണത്തിനുള്ളില്‍ പോലും ജൈവ സമ്പൂര്‍ണ്ണമായ, ജീവസ്സുറ്റ പ്രകൃതിബിംബങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ച ഗാനരചയിതാവ് കൂടിയാണ് കൈതപ്രം എന്ന് ജൂറി വിലയിരുത്തി. പി.ഭാസ്‌കരനും വയലാറും പരിപോഷിപ്പിച്ച മലയാള ചലച്ചിത്രഗാന ശാഖയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇങ്ങേയറ്റത്തെ കണ്ണിയാണ് കൈതപ്രം എന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഈ മാസം 26, 27 തിയതികളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികളായ മണക്കാട് രാമചന്ദ്രനും ഡോ. ശ്രീവത്സന്‍ നമ്പൂതിരിയും അറിയിച്ചു.