Web Desk
തിരുവനന്തപുരം: ഇ-മൊബിലിറ്റി കരാറില്‍ പുതിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് തുറക്കുന്നു. ധനവകുപ്പ് അംഗീകരിച്ചു കഴിഞ്ഞു. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍ നടപ്പാകും. ബാക് ഡോര്‍ ഓഫീസ് എന്ന പേരിലാണ് തുറക്കുന്നത്. ഹെസ്സുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന് ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഒപ്പിട്ടെന്ന് സ്വിസ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. 2019 ജൂണ്‍ 29നാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് ചെന്നിത്തല പറയുന്നു.
പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ ശമ്പളം നല്‍കി നാലുപേര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം. ദേശീയപതാകയ്‌ക്കൊപ്പം പിഡബ്ല്യുസി ലോഗോ കൂടി വരുമെന്ന് ചെന്നിത്തല പരിഹസിച്ചു.
ഇ.മൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. പിഡബ്ല്യുസിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നില്ല. ശാസ്ത്രീയമായി അഴിമതി നടത്തുകയും തന്മയത്വത്തോടെ മൂടിവെയ്ക്കുകയും ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
കോവിഡിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. രാജ്യാന്തര കുത്തകകള്‍ സെക്രട്ടേറിയറ്റിന് മുകളില്‍ റാകിപ്പറക്കുന്നു.
കടുംവെട്ട് നടത്തുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. ഇത് ചൂണ്ടിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്തെ വികസന വിരുദ്ധരാക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.