പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി. ആദ്യ ദിവസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
തീര്‍ത്ഥാടനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ദര്‍ശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹടര്യത്തില്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്തരെ കയറ്റിവിടുക. മലകയറാന്‍ എത്തുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ കടുത്ത സുരക്ഷാ ക്രമീകരങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.