തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇക്കാര്യത്തില്‍ വിവിധ വകപ്പുകളുടെ അഭിപ്രായം ആരാഞ്ഞശേഷം അന്തിമ തീരുമാനം കൈകൊള്ളുക മുഖ്യമന്ത്രിയാണ്.
റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ ഇന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗം ചേരും. ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
അതേസമയം ഉദ്യോഗാര്‍ത്ഥികളോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. രാഷ്ട്രീയക്കാരുടെ കരുവായതിന്റെ കുറ്റബോധത്തില്‍ നിന്നാകും സമരക്കാര്‍ക്ക് സങ്കടമുണ്ടായതെന്ന് കടകംപള്ളി പറഞ്ഞു. പത്തുവര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമോയെന്ന് മന്ത്രി ചോദിച്ചതായാണ് സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞത്. ഇന്ന് രാവിലെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്യോഗാര്‍ത്ഥികള്‍ കണ്ടത്.











