തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ജലീലിന്റെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ വഗര്‍ണര്‍ കേരള സര്‍വ്വകലാശാല വിസിയെ ചുമതലപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് വിസി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
2006 ല്‍ ജലീല്‍ സമര്‍പ്പിച്ച മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പ്രബന്ധത്തില്‍ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്തു.
വിസി ആരോപണങ്ങള്‍ തള്ളിയെങ്കിലും പരാതിയുമായി മുന്നോട്ടു പോകാനാണ് ആര്‍ എസ് ശശികുമാര്‍, ഷാജിര്‍ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ തീരുമാനം. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി.











