എ.പി.അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാർട്ടിയിലേക്ക് ആകർഷിക്കുന്നവരാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഓരോ ആളുകൾക്കും എന്തുചുമതല നൽകണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങൾ പറയുന്നവരെ പാർട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കുമ്മനം രാജശേഖരൻ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ്.
ഗവർണർ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളാണ് അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാർട്ടി പോസ്റ്റിന്റെ പേരിൽ മാധ്യമങ്ങൾ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.












