കാസര്‍ഗോഡ്: സി.എം രവീന്ദ്രന്‍ ബിനാമിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തില്‍ മന്ത്രി കടകംപള്ളിയുടെ മറുപടിയെത്തി. കെ സുരേന്ദ്രന്‍ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു. ആ രീതിയില്‍ കണ്ടാല്‍ മതി, അതിനപ്പുറം ഗൗരവമുള്ള ആരോപണമല്ലെന്ന് കടകംപള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രവീന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് കടകംപ്പള്ളി രവീന്ദ്രനെ ന്യായീകരീക്കുന്നത്. വിദഗ്ദ്ധ മെഡിക്കല്‍ സംഘം രവീന്ദ്രന്റെ ആരോഗ്യ നില പരിശോധിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ രക്ഷപ്പെട്ടിട്ടില്ല. അന്വേഷണം അവസാനിക്കുമ്‌ബോള്‍ ജലീലും പ്രതിയാകും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പോലും എതിര്‍ അഭിപ്രായമില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
‘ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സി.എം രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. സി.എം രവീന്ദ്രന്‍ എന്നാല്‍ സി.എമ്മിന്റെ രവീന്ദ്രന്‍ ആണ്. അഴിമതി വിവരങ്ങള്‍ മറച്ച് വക്കാന്‍ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകണം.:-സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുധാരണ പ്രവര്‍ത്തനങ്ങളില്‍ സ്പീക്കര്‍ ഇടപെട്ടു. തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ക്കാകുന്നില്ല. സ്പീക്കര്‍ക്ക് ആ പദവിയില്‍ അധികകാലം പിടിച്ച് നില്‍ക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീക്കര്‍ ഉടന്‍ രാജി വെക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.











