മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യോഗിയുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായിക്കുളളുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഭരണ പരാജയം മറച്ചു വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിആര്‍ പ്രചാരണം നടത്തിയാല്‍ പോരെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. എടപ്പാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അദ്ദേഹത്തിന്റെ ഓഫീസിലാണ് ജയിലല്ല. യോഗിയുടെ ഓഫീസ് ഡോളര്‍ കടത്തിയിട്ടില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ ആക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
യോഗിയുടെ പേരില്‍ ഒരു പൈസയുടെയും അഴിമതിയില്ല. അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ യുപിയിലെ ആരോഗ്യ മേഖല തകര്‍ന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവില്‍ മികച്ചതാക്കി. യുപിയില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. എന്നാല്‍ ഇതേപ്പറ്റി വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? 250 രൂപയുടെ കിറ്റ് കൊടുക്കുന്നതോ? കോവിഡിന്റെ കാര്യത്തില്‍ പരാജയമാണ് ഈ സര്‍ക്കാര്‍. യോഗിയെ കുറ്റം പറയുന്നതിന് മുന്‍പ് പിണറായി വിജയന്‍ സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.