തിരുവനന്തപുരം: പാലാരിവട്ടം അഴിമതികേസിൽ മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാരിവട്ടം അഴിമതിയുടെ പണം ലീഗിലെ ഉന്നത നേതാക്കളിലേക്കും എത്തിയിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ അതോ ഇബ്രാഹിംകുഞ്ഞിൽ കേസ് അവസാനിപ്പിക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ സമയത്ത് ഒരു പത്രത്തിന്റെ മറവിൽ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചത് ഇഡി അന്വേഷിച്ചതോടെയാണ് ഗത്യന്തരമില്ലാതെ പിണറായി വിജിലൻസിനെ ഇറക്കി അറസ്റ്റ് ചെയ്യിച്ചത്. ഇതിൽ ഒരു ആത്മാർത്ഥതയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും ഒരേ തൂവൽ പക്ഷികളാണ്. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിത്താഴുകയാണ്. സ്വർണ്ണക്കടത്തിലും ലൈഫിലും കിഫ്ബിയിലും മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോപണവിധേയരാകുമ്പോൾ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ യു.ഡി.എഫ് ഉന്നത നേതാക്കളും മുൻമന്ത്രിമാരും പ്രതിയാവുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു തുടങ്ങിയവർ പ്രതികളായ കേസുകളും ബാർക്കോഴകേസും ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരായ 14 കേസുകൾ എന്തായെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി അതിരാവിലെ തന്നെ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.












