കെ.അരവിന്ദ്
ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളുടെ എന്‍എഫ്ഒ (ന്യൂ ഫണ്ട് ഓഫര്‍) നിക്ഷേപകരെ ആകര്‍ഷിക്കുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഡിവിഡന്റ് വഴി ഉയര്‍ന്ന നേട്ടം നല്‍കുന്ന കമ്പനികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍. ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള (ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റ് എന്നാണ് ഡിവിഡന്റ് യീല്‍ഡ് കൊണ്ട് അര്‍ത്ഥമാക്കുന്നത്) ഓഹരികള്‍ക്കായിരിക്കും ഇത്തരം ഫണ്ടുകള്‍ പോര്‍ട്ട്ഫോളിയോയില്‍ പ്രാമുഖ്യം നല്‍കുന്നത്.
കമ്പനികളിലെ നിക്ഷേപത്തിലൂടെ ഉയര്‍ ന്ന ഡിവിഡന്റ് ലഭിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവര്‍ പ്രധാനമായും പരിഗണിക്കേണ്ടത് ഓഹരികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് യീല്‍ഡ് എത്രയാണെന്നതാണ്. ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ ഡിവിഡന്റ് വഴി ഏറ്റവും ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഓഹരികളാണ്.
ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എ ന്നതാണ് ഡിവിഡന്റ് യീല്‍ഡ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 100 രൂപയിലാണ് വ്യാപാരം ചെയ്യുന്നത് എന്നിരിക്കട്ടെ. കമ്പനി 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുകയാണെങ്കില്‍ ഓ ഹരിയുടമകള്‍ക്ക് ഡിവിഡന്റായി ലഭിക്കുന്നത് ഓഹരി വിലയുടെ അഞ്ച് ശതമാനമാണ്. അ തായത് അഞ്ച് ശതമാനമാണ് ഈ ഓഹരിയില്‍ നിന്നുള്ള ഡിവിഡന്റ് യീല്‍ഡ്.
ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ബാങ്കിംഗ് സെക്ടര്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുള്ളതു പോലെ മികച്ച ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍. മികച്ച ഡിവിഡന്റ് യീല്‍ഡ് ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള ഗവേഷണം നടത്താന്‍ കഴിയാത്ത സാധാരണ നിക്ഷേപകര്‍ക്ക് ഡി വിഡന്റ് യീല്‍ഡ് ഫണ്ടുകളിലൂടെ ഫണ്ട് മാ നേജര്‍മാരുടെ സഹായം തേടാം.
ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളുടെ മാനേജര്‍മാര്‍ ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രഥമ മാനദണ്ഡമാക്കുന്നത് മികച്ച ഡിവിഡ ന്റ് യീല്‍ഡാണ്. ധനാഗമനത്തില്‍ സ്ഥിരതയു ള്ളതും സ്ഥിരമായി ഡിവിഡന്റ് നല്‍കുന്നതുമായ ഓഹരികളെ തിരഞ്ഞെടുക്കുന്നതിലൂടെ ഫണ്ട് മാനേജര്‍മാര്‍ ചാഞ്ചാട്ടം കുറഞ്ഞതും താരതമ്യേന സ്ഥിരത പ്രകടിപ്പിക്കുന്നതുമായ ഓഹരികളുടെ പോര്‍ട്ടിഫോളിയോയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ഒരുക്കുന്നത്.
ഡിവിഡന്റിന് പ്രാധാന്യം നല്‍കുന്ന നിക്ഷേപകര്‍ നേരിടുന്ന ഒരു പ്രശ്നം എല്ലായ്പ്പോഴും കമ്പനികള്‍ ഡിവിഡന്റ് നല്‍കുമെന്ന് ഉറപ്പില്ല എന്നതാണ്. ഇവിടെയാണ് തുടര്‍ച്ചയായി ഉയര്‍ന്ന ഡിവിഡന്റ് നല്‍കിയിട്ടുള്ള ചരിത്രമുള്ള കമ്പനികള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം. പ്രകടനം മോശമായ വര്‍ഷങ്ങളില്‍ പോലും ഡിവിഡന്റ് നല്‍കിയിട്ടുള്ള കമ്പനികള്‍ തുടര്‍ന്നും ഡിവിഡന്റ് നല്‍കുമെന്ന് ന്യായമായും കരുതാം. അത്തരം മികച്ച കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ ചെയ്യുന്നത്.
വിപണിയിലെ ഇടിവിന്റെ ഘട്ടങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളേക്കാള്‍ കുറഞ്ഞ ഇടിവ് മാത്രമേ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ കാണാറുള്ളൂ. വിപണിയിലെ ഇടിവിന്റെ അവസരങ്ങളില്‍ ഡിവിഡന്റ് ഉറപ്പുള്ള നേട്ടമാ ണെന്ന നിലയില്‍ ഇത്തരം ഓഹരികളുടെ ആകര്‍ഷണീയത കൂടുമെന്നതിനാല്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നു