ചെന്നൈ: ജസ്റ്റിസ് കര്‍ണന്‍ സോഷ്യല്‍മീഡിയയില്‍ പുറത്തുവിട്ട വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ എന്നിവക്കാണ് ഹൈക്കോടതി വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയില്‍ കര്‍ണന്‍ ആരോപിച്ചത്. എന്നാല്‍ ജസ്റ്റിസ് കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. സുപ്രധാന പദവി വഹിച്ച അദ്ദേഹത്തിന്റെ ഇത്തരത്തിലൊരു പ്രവൃത്തി നിരാശജനമാണെന്നും കോടതി അറിയിച്ചു.
തന്റെ അന്യായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് ജസ്റ്റീസ് കര്‍ണന്‍ നടത്തിയതെന്ന് തമിഴ്നാട് ബാര്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ലഭ്യമാക്കുന്നതിനായി കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലെ വനിതാ ജീവനക്കാര്‍ക്കെതിരെ കര്‍ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില വനിതാ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെ തമിഴ്നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജസ്റ്റീസ് കര്‍ണനെതിരെ കേസെടുത്തിരുന്നു.