തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തില്‍ ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റുകള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളെജ്, തൃശൂര്‍ ജൂബിലി മിഷന്‍ എന്നിവയ്ക്ക് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നും കേരളം ആവശ്യപ്പെട്ടു.
സ്വാശ്രയ ഫീസ് തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഈ തുകയ്ക്കെതിരെ ഹൈക്കോടതിയിൽ പോയ മാനേജ്മെന്‍റുകൾ 11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ പ്രതിവർഷഫീസ് വിജ്ഞാപനം ചെയ്യാൻ അനുമതി നേടിയെടുക്കുകയായിരുന്നു. എൻട്രൻസ് കമ്മീഷണർ ഈ വിജ്ഞാപനം പുറത്തിറക്കിയതോടെ സാമ്പത്തികശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. ഹൈക്കോടതിയുടെ ഉത്തരവിനും, കൂട്ടിയ ഫീസ് പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിനുമെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർത്ഥികളാണ് കൂടിയ ഫീസുള്ള വിജ്ഞാപനം വന്നതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ പോയത്.