തിരുവനന്തപുരം: കേരള മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നല്‍കും. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
2021 ഫെബ്രുവരി മുതല്‍ പദ്ധതിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും ഐസക് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ പങ്കെടുക്കുന്ന വെബിനാര്‍ ഈ 23ന് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി കേരള ഡെവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനെ മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്ട്രേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാര്‍, പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. കെ ഡിസ്‌കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയില്‍ 200 കോടി രൂപ വകയിരുത്തും. 2021-22ല്‍ പ്രൊഫഷണല്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.












