വാഷിങ്ടണ്‍: കോവിഡ് വാക്സിന്‍ പരീക്ഷണം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് അവസാന ഘട്ടത്തിലെത്തിയ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
‘പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,’ കമ്പനി പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചിരിക്കുകയായിരുന്നു.
അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചിരുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ വൈകുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത നിരാശ ഉണ്ടാക്കുന്നുണ്ട്.