ഗള്‍ഫ് ഇന്ത്യന്‍സ്.കോം
ഉന്നത വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഗവേഷണം, പഠനം, സെമിനാറുകള്‍ തുടങ്ങിയ വിജ്ഞാനാധിഷ്ഠിതമായ പരിപാടികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. സുരക്ഷ കാര്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഇക്കാലയളവില്‍ വലിയ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. ഫെലോഷിപ്പുകള്‍ക്കും, ഗവേഷണങ്ങള്‍ക്കുമുള്ള ധനസഹായം, സെമിനാറുകളും, വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിനുള്ള സഹായം, പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ, വിദ്യാര്‍ത്ഥികളുടെ സ്റ്റൈഫന്‍ഡ് തുടങ്ങിയ അക്കാദമിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലാണ് വലിയതോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ എക്‌സിക്യൂടീവ് കൗണ്‍സിലില്‍ അവതരിപ്പിച്ച കണക്കുകള്‍ അനുസരിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അക്കാദമിക കാര്യങ്ങള്‍ക്കായുള്ള ചെലവ് 26.38 ശതമാനം കുറഞ്ഞ് 38.36 കോടി രൂപയായി. 2018-19-ല്‍ അക്കാദമിക ചെലവ് 28.24 കോടി രൂപയായി വീണ്ടും കുറഞ്ഞപ്പോള്‍ 2019-20-ല്‍ അക്കാദമിക ചെലവ് 30-ശതമാനം ഇടിവു രേഖപ്പെടുത്തി 19.74 കോടി രൂപയായി കുറഞ്ഞു.
എന്നാല്‍ ഇതേ കാലയളവില്‍ സര്‍വകലാശാലയുടെ സുരക്ഷകാര്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ യഥാക്രമം 17.34 കോടി രൂപയും, 18.54 കോടി രൂപയും ആയിരുന്നു. 2019-20-ല്‍ സുരക്ഷ ചെലവുകള്‍ക്കായി വകയിരുത്തിയത് 15.34 കോടി രൂപയായിരുന്നു. സര്‍വകലാശാലയുടെ പ്രാഥമിക താല്‍പര്യങ്ങളായ ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം കുറയ്ക്കുകയും, സുരക്ഷ ഏര്‍പ്പാടുകള്‍ക്കുള്ള വിഹിതം ഉയര്‍ത്തുകയും ചെയ്യുന്നത് ജെഎന്‍യു-വിന്റെ സ്വഭാവം തന്നെ മാറ്റുന്നതിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു. 2014-ല്‍ നരേന്ദ്ര മോഡി-യുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ജെഎന്‍യു കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാണ്. ഇടതുപക്ഷ-പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും, അദ്ധ്യാപകരുടെയും കേന്ദ്രമെന്ന നിലയിലാണ് ജെഎന്‍യു കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ അനുകൂല സംഘടനകളുടെയും കണ്ണിലെ കരടായി മാറിയത്.
2016-ലും 2019-ലും ജെഎന്‍യു-വില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളും പ്രക്ഷോഭങ്ങളും സാര്‍വദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ബിജെപി-യുടെ ആജ്ഞാനുവര്‍ത്തിയായ വൈസ് ചാന്‍സലറെയും, മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി സര്‍വകലാശാലയുടെ അടിസ്ഥാനസ്വഭാവത്തെ തന്നെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.