English हिंदी

Blog

heart

കൊച്ചി: പറന്നുവന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്ന് മനുഷ്യർ ലിസി ആശുപത്രിയിൽ കണ്ടുമുട്ടിയത് ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു. രണ്ടാഴ്ച്ച മുമ്പ് ഹെലികോപ്ടറിൽ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ, വർഷങ്ങൾക്ക് മുമ്പ് വ്യോമമാർഗ്ഗമെത്തിച്ച ഹൃദയം ലിസി ആശുപത്രിയിൽ വച്ചു സ്വീകരിച്ച മാത്യു അച്ചാടനും സന്ധ്യയും സന്ദർശിച്ചതാണ് രംഗം.
മൂന്ന് ഹൃദയങ്ങളും തിരുവനന്തപുരത്ത് നിന്നായിരുന്നു എന്നത് കൗതുകകരമായ യാദൃശ്ചികത. ലീനയിൽ ഇപ്പോൾ താളവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മിടിക്കുന്നത് ലാലി ടീച്ചറുടെ ഹൃദയമാണ്. 2015 ൽ മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയം നേവിയുടെ ഡോണിയർ വിമാനത്തിൽ എത്തിച്ചാണ് ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടനിൽ വച്ചുപിടിപ്പിച്ചത്.
2016 ൽ സമാനരീതിയിൽ എത്തിച്ച വിശാലിന്റെ ഹൃദയമാണ് സന്ധ്യയെ പുതിയ ജീവിതത്തിലേക്ക് നയിച്ചത്. സ്വന്തമായി ഓട്ടോ ടാക്‌സി ഓടിച്ചാണ് മാത്യു ജീവിക്കുന്നത്. അലങ്കാര മത്സ്യവിൽപ്പനയിലൂടെയാണ് സന്ധ്യ ജീവിതം നയിക്കുന്നത്.

Also read:  കേരളത്തില്‍ ഇന്ന് 4,138 പേര്‍ക്ക് കോവിഡ്; 21 മരണം

വർഷം തോറുമുള്ള തുടർപരിശോധനകൾക്കായാണ് മാത്യുവും സന്ധ്യയും എറണാകുളം ലിസി ആശുപത്രിയിൽ വീണ്ടും എത്തിയത്. മാത്യുവിന്റെ ഒപ്പം ഭാര്യ ബിന്ദുവും സന്ധ്യയുടെ ഒപ്പം മകൻ നാല് വയുകാരൻ ഗൗതം, ഭർത്താവ് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. അവർ വരുന്നതറിഞ്ഞ് ലീന കാണാൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സാധാരണ ജീവിതം നയിക്കുന്ന മാത്യുവിനെയും സന്ധ്യയെയും കണ്ടപ്പോൾ തന്റെ ആത്മവിശ്വാസം വളരെയധികം വർദ്ധിച്ചെന്ന് ലീന പറഞ്ഞു. ലീനയ്ക്കും തങ്ങളെപ്പോലെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയട്ടെ എന്നാശംസിച്ചാണ് അവർ മടങ്ങിയത്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിയിൽ വിശ്രമിക്കുന്ന ലീനയുടെ ആരോഗ്യനില പൂർ തൃിപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ സന്നിഹിതനായിരുന്നു.