തിരുവനന്തപുരം: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വിപുലീകരിച്ച് സര്‍ക്കാര്‍. 25 ലക്ഷം ടാപ്പ് കണക്ഷന്‍ ആണ് പുതുതായി നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ വാട്ടര്‍ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയായിരിക്കും ഈ ചെറുകിട പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
തോമസ് ഐസക് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കേരളത്തില്‍ നാളിതുവരെ ടാപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് ആകെ 25 ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഇത്ര തന്നെ ആളുകള്‍ക്ക് അടുത്തൊരു വര്‍ഷംകൊണ്ട് കണക്ഷന്‍ നല്‍കാനായാല്‍ അത് വലിയൊരു കുതിപ്പല്ലേ? ഇതാണ് ജലജീവന്‍ മിഷനിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. സാധാരണഗതിയില്‍ വാട്ടര്‍ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയായിരിക്കും ഈ ചെറുകിട പദ്ധതികള്‍ നടപ്പാക്കുക.
ജലജീവന്‍ മിഷന്‍ ഗ്രാമീണ മേഖലയില്‍ കുടിവെള്ളം എത്തിക്കാനുള്ള ബൃഹത്പദ്ധതിയാണ്. പക്ഷെ, ഞാന്‍ പറയുക ഇതിന്റെ തുടക്കം കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലായിരുന്നുവെന്നാണ്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയായിരുന്നു അന്ന് ഒളവണ്ണയിലെ പഞ്ചായത്ത് പ്രസിഡന്റ്. ഒളവണ്ണയിലെ ഉയര്‍ന്നപ്രദേശങ്ങളിലും മറ്റുമായി അവര്‍ ടാങ്കുകള്‍ പണിത് ചുറ്റുപാടും ജലവിതരണം ഉറപ്പാക്കി. നിര്‍മ്മാണവും നടത്തിപ്പുമെല്ലാം ഗുണഭോക്തൃ കമ്മിറ്റികള്‍ വഴിയായിരുന്നു. തുടക്കത്തിലെ മുതല്‍മുടക്ക് പഞ്ചായത്തിനാണ്. പിന്നീടെല്ലാം ജനകീയമായി. ഇത് വന്‍ വിജയമായി.
അതോടെ ലോകബാങ്ക് ഈ മാതൃക ഏറ്റെടുത്തു. 1999ല്‍ അവര്‍ 452 കോടി രൂപ അടങ്കലില്‍ ജലനിധിക്ക് രൂപം നല്‍കി. 2011 ല്‍ ജലനിധിയുടെ രണ്ടാംഘട്ടം ആയിരത്തില്‍പ്പരം കോടി രൂപയ്ക്ക് നടപ്പാക്കി. കേരളത്തില്‍ മാത്രമല്ല, ജലനിധി മാതൃക ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും നടപ്പാക്കി. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജലജീവന്‍ മിഷനു രൂപം നല്‍കിയത്.
സംസ്ഥാനങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് അനുസരിച്ചാണ് പണം അനുവദിക്കുക. കേരളം ഇപ്പോള്‍ 6377 കോടി രൂപയുടെ 564 പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ 45% കേന്ദ്രം തരും. 30% സംസ്ഥാനം വഹിക്കണം. 15% പഞ്ചായത്ത്. 10% ഗുണഭോക്തൃ വിഹിതവുമാണ്. മുന്നോട്ടു വന്ന പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് 2020-21ലെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തങ്ങളുടെ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ചെറിയ തുക മുടക്കി വലിയ തോതില്‍ കേന്ദ്ര-സംസ്ഥാന സഹായം വാങ്ങാന്‍ ഈ പദ്ധതി സഹായിക്കും.
കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. പ്രാദേശികതലത്തില്‍ പഞ്ചായത്ത് സമിതിയാണ് കേരളത്തിന്റെ മിഷന്റെ കീഴ്ത്തല ഘടകം. എഞ്ചിനീയര്‍മാരും മറ്റും അടങ്ങുന്ന വില്ലേജ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ കമ്മിറ്റി പഞ്ചായത്ത് സമിതിക്കു കീഴിലായിരിക്കും. ഇന്ത്യയില്‍ മറ്റെല്ലായിടത്തും പഞ്ചായത്തിന്റെ പങ്കാളിത്തം നാമമാത്രമാണ്. ജലനിധി പദ്ധതിലെന്നപോലെ തന്നെ പഞ്ചായത്തിന് നേരിട്ട് ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പാക്കാം, അല്ലെങ്കില്‍ അക്രെഡിറ്റഡ് ഏജന്‍സികളെയോ സന്നദ്ധസംഘടനകളെയോ ഉപയോഗപ്പെടുത്താം.
https://www.facebook.com/thomasisaaq/posts/4008281692521275

















