മസ്കറ്റ്: സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍. ടെലികോം, ഐടി രംഗത്തെ ചില തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആര്‍ മാനേജര്‍മാരുമായി ഒമാന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.
വിദേശികള്‍ക്ക് പകരം ഒമാനികളെ നിയമിക്കുന്നത് വഴി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, യോഗ്യരായവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ സാധ്യതകള്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഈ മേഖലകളിലെ ചില തസ്തികകളില്‍ സ്വദേശികളെ മാത്രം ജോലിക്ക് നിയോഗിക്കുന്നതിന് കൈകൊള്ളേണ്ടതായ നടപടികളും ചര്‍ച്ചയില്‍ അവലോകനം ചെയ്തു.
വിവിധ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനായുള്ള വെല്ലുവിളികള്‍ മനസിലാക്കി അവക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവര്‍ മന്ത്രാലയവുമായി സഹകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ അല്‍ ഹുസ്‌നി പറഞ്ഞു. ചില സ്വകാര്യ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് മന്ത്രാലയം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്.