English മലയാളം

Blog

benchamin nethanyahu israel

 

ജറുസലം: കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

വൈറസ് ബാധ നിരക്ക് കുറയ്ക്കുന്നതിനായി സ്കൂളുകളും ചില വ്യവസായിക മേഖലകളും അടച്ചുപൂട്ടിയേക്കുമെന്ന് എപി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ ചൊല്ലി പ്രധാനമന്ത്രി നെതന്യാഹു കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.

സെപ്തംബര്‍ 19 നാണ് ജൂത ഹൈ ഹോളിഡേ സീസണിന്റെ ആരംഭം. അന്നുമുതല്‍ സ്കൂളുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ അടച്ചുപൂട്ടും. ഇസ്രയേലികളുടെ യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

Also read:  ഇന്ത്യയുടെ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍

രണ്ടാംഘട്ട കൊറോണ വൈറസ് രോഗ വ്യാപന വര്‍ദ്ധന തടയുകയെന്നതാണ് ലോക്ക് ഡൗണ്‍ ലക്ഷ്യം. ഈ നടപടികള്‍ ജനങ്ങള്‍ക്ക് ഏവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമെന്നറിയാം. ഇത് ശീലിച്ച അവധി ദിവസങ്ങള്‍ പോലെയല്ല – ഇസ്രയേല്‍ പ്രധാ‌നമന്ത്രി നെതന്യാഹു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യഘട്ട ലോക്ക് ഡൗണില്‍ വൈറസ് ബാധിതരുടെ എണ്ണം ഏറെ കുറവായിരുന്നുവെന്നത് ശ്രദ്ധേയമായി. പക്ഷേ അത് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ തകര്‍ത്തു. തൊഴിലില്ലായ്മ തോതാകട്ടെ വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നിലനില്‍ക്കും. ഈ സമയം കോവിഡ് വ്യാപന തോത് കുറയുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ ഇളവ് ലഭിക്കും.

ഈ മാസം അവസാനമാണ് യോം കിപ്പൂരിന്റെ പ്രധാന നോവേള. ഇസ്രയേലി കുടുംബങ്ങളുടെ കൂടി ചേരലുകളുടെ വേള. സിനഗോഗുകളില്‍ വന്‍ ജനാവലിയെത്തും. ഇത് പുതിയ വൈറസ് വ്യാപന കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നുണ്ട്.

Also read:  ഒമാനില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല- ആരോഗ്യ വിദഗ്ധര്‍

ലോക്ക്ഡൗണില്‍ പ്രാര്‍ത്ഥനകള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തതയില്ല. ലോക്ക് ഡൗണ്‍ സമയത്തെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇനിയുമുള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും വിശ്വാസികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് തീവ്ര ഓര്‍ത്തഡോക്സ് ജൂത പ്രതിനിധിയും ഇതിനകം രാജി പ്രഖ്യാപനം നടത്തിയ ഇസ്രായേല്‍ ഭവന മന്ത്രിയുമായ യാക്കോവ് ലിറ്റ്സ്മാനെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു.

രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,882 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊറോണ വൈറസ് പടര്‍ന്നതിനെ പ്രതിരോധിക്കാനുള്ള ആദ്യ ഘട്ട നടപടികളില്‍ ഇസ്രയേല്‍ പൊതുവെ പ്രശംസിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുന്നതിന് വേഗത്തില്‍ തീരുമാനമെടുത്തു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതില്‍ ഫലം കണ്ടു. പക്ഷേ ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും വളരെ വേഗം തുറന്നു പ്രവര്‍ത്തിയ്ക്കാനാരംഭിച്ചു. ഇത് പക്ഷേ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനാകാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നതാണ് രണ്ടാം ഘട്ട ലോക്ക്ഡൗണിന് കാരണമായത്.

Also read:  നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന

പ്രതിസന്ധി നേരിടുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങള്‍. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍്റെ ജറുസലേമിലെ വസതിക്ക് മുമ്ബില്‍ ഒത്തുകൂടി. വസന്തകാലത്തെ കോവിഡു പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ പ്രശംസിക്കപ്പെട്ട നെതന്യാഹു ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ പ്രതികൂട്ടിലാണ്. അഴിമതി കേസുകളിലും വ്യക്തിപരമായ പ്രതിസന്ധികളിലുമകപ്പെട്ടു പോയ നെതന്യാഹു വേനല്‍ക്കാല കോവിഡു വ്യാപനം ശ്രദ്ധിച്ചില്ലെന്ന ശക്തമായ ആക്ഷേപമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.