യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു
അബുദാബി : തങ്ങള്‍ക്ക് നേരേ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായി സുപ്രധാന പ്രതിരോധ കരാറുകളിലേര്‍പ്പെട്ട് യുഎഇ.
ഇതാദ്യമായി ഒരു ജിസിസി രാജ്യത്ത് എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗിന്റെ ചരിത്ര സന്ദര്‍ശനത്തില്‍ സുപ്രധാനമായ തീരുമാനങ്ങളാണ് ഉണ്ടായത്.
ഗള്‍ഫ് രാജ്യങ്ങളുമായി നടാടെ ബന്ധം സ്ഥാപിച്ച ഇസ്രയേല്‍ തങ്ങളുടെ സുരക്ഷാ കവചങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമായിട്ടുണ്ട്.
അബുദാബിക്കെതിരെ രണ്ടാഴ്ചകള്‍ക്കുള്ളില്‍ മൂന്നാമത്തെ ആക്രമണത്തിന് ഹൂതികള്‍ ഒരുങ്ങിയ വേളയിലാണ് ഇസ്രയേല്‍ പ്രസിഡന്റിന്റെ ചരിത്ര സന്ദര്‍ശനമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
അബുദാബിയിലെത്തിയ ഇസ്രയേല്‍ പ്രസിഡന്റുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വസൈന്യാധിപനുമായി നടത്തിയ ചര്‍ച്ചകളില്‍ പ്രധാന ചര്‍ച്ച വിഷയമായത് രാജ്യത്തിന്റെ സുരക്ഷയാണ്.
ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് പറഞ്ഞു.
നേരത്തെ, രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രസിഡന്റിനേയും പ്രഥമ വനിതയേയും യുഎഇ വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് സ്വീകരിച്ചു.
തുടര്‍ന്ന് പ്രസിഡന്റ് ഹെസോഗിനും പ്രഥമ വനിത പത്‌നി മിഷേലിനും അത് ഖാസര്‍ അത് വതന്‍ കൊട്ടാരത്തില്‍ 21 ആചാരവെടികളോടെ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങി.
തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ഹെര്‍സോഗ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറബികില്‍ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറിലാണ് യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ യുഎസ് മധ്യസ്ഥതയില്‍ എബ്രഹാം കരാറില്‍ ഒപ്പുവെച്ചത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയാണ് ഇസ്രയേല്‍ പ്രസിഡന്റ് യുഎഇയില്‍ എത്തിയത്. സൗദിയുമായും എബ്രഹാം കരാര്‍ ഒപ്പുവെയ്ക്കാന്‍ സന്നദ്ധമാണെന്നും പ്രസിഡന്റ് പറഞ്ഞു.