സാമൂഹ്യ വികസന സൂചികയില്‍ മുന്നിട്ടുനില്‍ക്കുന്നുവെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ മെല്ലെ പോകുന്ന സംസ്ഥാനമാണ് കേരളം. സമീപകാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗം കൂട്ടാന്‍ കേരളം പല നടപടികളും സ്വീകരിച്ചു. കിഫ്ബിയുടെ രൂപീകരണം ഇത്തരം നടപടികളുടെ ഭാഗമായിരുന്നു. 1999ലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) രൂപീകരിച്ചത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ധനസമാഹരണം നടത്തുക എന്നതാണ് കിഫ്ബിയുടെ ദൗത്യം. ഇതുവരെ 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയത്.
2019 മെയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തത് ചരിത്രസംഭവമായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന്റെ മസാല ബോണ്ട് ആദ്യമായാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. നേരത്തെ ദേശീയ പാത അതോറിറ്റി, എന്‍ടിപിസി എന്നിവയുടെ ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു. ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനാണ് 2019 മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരത്തിന് തുറന്നുകൊടുത്തത്. ഇന്ത്യയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ആദ്യമായാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇത്തരമൊരു ചടങ്ങില്‍ ക്ഷണം സ്വീകരിച്ച് പങ്കുകൊള്ളുന്നത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2016-17 മുതല്‍ 2021-22 വരെ 5000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് മസാല ബോണ്ട് പുറത്തിറക്കിയത്. 2150 കോടി രൂപയാണ് ബോണ്ട് വഴി സമാഹരിച്ചത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശത്തിറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. നിക്ഷേപ സമാഹരണം ഇന്ത്യന്‍ രൂപയിലാണ്. വിദേശ കറന്‍സിയുമായുള്ള വിനിമയത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ ബോണ്ടിനെ ബാധിക്കില്ല. 9.723 ശതമാനം പലിശയാണ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്നത്. അഞ്ച് വര്‍ഷമാ ണ് ബോണ്ടിന്റെ നിക്ഷേപ കാലയളവ്. ആറ് മാസം കൂടുമ്പോള്‍ പലിശ നല്‍കണം. പണം തിരികെ നല്‍കാന്‍ വൈകിയാല്‍ രണ്ട് ശതമാനം അധിക പലിശ പിഴയായി നല്‍കേണ്ടി വരും. 2024ലാണ് മൂലധനം നിക്ഷേപകര്‍ക്ക് തിരികെ നല്‍കേണ്ടത്. പലിശയടക്കം 3195 കോടി രൂപയാണ് തിരിച്ചടവിനായുള്ള ചെലവ്.
മസാല ബോണ്ട് ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ കണ്ടെത്തലാണ് ഇപ്പോള്‍ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ സാങ്കേതികമായി ശരിയാണോ എന്നുള്ളത് തര്‍ക്കവിഷയമാണ്. ഇടപാട് ഭരണഘടനാ വിരുദ്ധമായാലും അല്ലെങ്കിലും പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയേ തീരൂ.
അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സമാഹരിക്കാന്‍ മസാല ബോണ്ടുകള്‍ പുറത്തിറക്കുകയും അത് ആഗോള തലത്തിലെ ഏറ്റവും പ്രമുഖമായ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തത് തീര്‍ച്ചയായും സര്‍ക്കാര്‍ പുതിയ ധനസമാഹരണ മാര്‍ഗങ്ങള്‍ തേടുന്നു എന്ന നിലയില്‍ പ്രശംസനീയമാണ്. ആഗോള മൂ ലധനം കേരളത്തിലേക്ക് കൊണ്ടുവരാന്‍ വിദേശ കടപ്പത്ര വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രീതി സ്വീകരിക്കാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനം തയാറാകുന്നത് ആദ്യമായാണ്.
കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ പന്ഥാവിലേക്കു നയിക്കുമെന്ന പ്രതീക്ഷകള്‍ ഒരു ഭാഗത്ത് നില്‍ക്കുമ്പോഴും സംസ്ഥാനം കടക്കെണിയുടെ കരിനിഴലിലേക്കു വീഴുമോയെന്ന ചോദ്യവും അവഗണിക്കാവുന്നതല്ല. കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, മോട്ടോര്‍ വാഹനങ്ങളുടെയും നികുതിയില്‍ നിന്നുള്ള ഒരു നിശ്ചിത ശതമാനം കിഫ്ബിയുടെ കടം വീട്ടുന്നതിനുള്ള ഫണ്ടിലേക്കു സമാഹരിക്കുന്നതു വഴി കിഫ്ബി-യുടെ വായ്പ ബാധ്യതകള്‍ യഥാസമയം നിറവേറ്റുന്നതിനു കഴിയുമെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു പറയുന്നത്. നിലവില്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 30-ശതമാനം കടബാധ്യത നേരിടുന്ന കേരളത്തിന് പെട്രോളിയം-മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന നികുതി വരുമാനത്തിന്റെ നിശ്ചിത ശതമാനം കൊണ്ടു മാത്രം കിഫ്ബി-യുടെ ബാധ്യതകളുടെ തിരിച്ചടവ് നിര്‍വഹിക്കുവാന്‍ കഴിയുമോ എന്ന വിഷയം ഗൗരവമായ സംവാദം ആവശ്യപ്പെടുന്നു. അതിനു പകരം കിഫ്ബിയുടെ ധനസമാഹരണം ഭരണഘടന വിരുദ്ധമാണെന്ന സാങ്കേതിക യുക്തികള്‍ മുന്നോട്ടു വയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമ്മര്‍ദ്ദങ്ങള്‍ മാത്രമായി തോന്നിയാല്‍ അത്ഭുതപ്പെടാനാവില്ല.


















