ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഗംഭീര വിജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 37 റൺസിനാണ് ബാംഗ്ലൂർ കീഴടക്കിയത്. ഏഴ് കളികളിൽ നിന്ന് ചെന്നൈയുടെ അഞ്ചാമത്തെ തോൽവിയാണിത്.
സ്കോർ:
ബാംഗ്ലൂർ 169/4 (20)
ചെന്നൈ 132/8 (20).
ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാമതൊന്ന് ആലോചിക്കാതെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷിച്ച തുടക്കമല്ല ബാംഗ്ലൂരിന് ലഭിച്ചത്. ആരോൺ ഫിഞ്ച് നിലയുറപ്പിക്കും മുമ്പ് പുറത്തായി. പിന്നീടെത്തിയ കോഹ്ലി, ദേവദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. 34 ബോളിൽ 33 റൺസെടുത്ത് ദേവദത്ത് പുറത്തായി. പിന്നീടെത്തിയ എ ബി ഡിവില്ലിയേഴ്സ് റൺസെടുക്കും മുമ്പ് ഔട്ടായി. ക്ഷമയോടെ ഒരറ്റത്ത് നിലയുറപ്പിച്ച കോഹ്ലി അവസാനഓവറുകളിൽ ആളിക്കത്തി. 52 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച കോഹ്ലി 90 റൺസെടുത്ത് പുറത്താകാതെ നിന്നു.
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസ്, ഷെയ്ൻ വാട്സൻ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. യുവതാരം ജഗദീശൻ(28 ബോളിൽ 33) പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് ഉയർത്താനുള്ള ശ്രമത്തിനിടെ റൺ ഔട്ടായി. ക്യാപ്റ്റൻ ധോനി ഒരിക്കൽ കൂടി പരാജയമായി. 40 ബോളിൽ 42 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈ ബാറ്റിംഗ് നിരയുടെ ദൗർബല്യം ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു പ്രകടനം. ഒടുവിൽ പൊരുതാൻ പോലും ശ്രമിക്കാതെ ചെന്നൈ കീഴടങ്ങി. ആദ്യമായി ടീമിൽ ഇടം നേടിയ ക്രിസ് മോറിസ് ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് നേടി.