ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ക്യാപ്റ്റൻ കെ എൽ രാഹുൽ 63(52), നിക്കോളാസ് പുരാൻ 33 (17) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പഞ്ചാബ് ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. ഇതിനിടെ കെ എൽ രാഹുലിനെ പുറത്താക്കി ധോനി ഐ പി എല്ലിലെ തന്റെ നൂറാം ക്യാച്ച് സ്വന്തമാക്കി.
179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈ ഓപ്പണർമാരായ ഷെയ്ൻ വാട്സണും ഫാഫ് ഡുപ്ലെസിസും കരുതലോടെയാണ് തുടങ്ങിയത്. ക്രമേണ താളം കണ്ടെടുത്ത ഇരുവരും സ്കോറിംഗിന് വേഗം കൂട്ടി. ആദ്യം വാട്സനും തൊട്ടുപിന്നാലെ ഡുപ്ലെസിസും അർദ്ധശതകം കണ്ടെത്തി. സീസണിൽ ആദ്യമായാണ് വാട്സൻ ഫോമിലായത്. ഡുപ്ലെസിസ് ഒരിക്കൽ കൂടി തൻ്റെ ക്ലാസ് തെളിയിച്ചു.
പഞ്ചാബിന്റെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചെന്നൈയെ അനായാസം ജയത്തിലേയ്ക്ക് നയിച്ചു. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ബൗണ്ടറി നേടി ഡുപ്ലെസിസ് കളി ജയിപ്പിച്ചു. പിരിയാത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 181 റൺസാണ് പിറന്നത്. ഡുപ്ലെസിസ് 53 പന്തിൽ 87 റൺസും വാട്സൻ 53 പന്തിൽ 83 റൺസും നേടി.