ന്യൂഡല്‍ഹി: ഐപിഎല്‍ 13-ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കുന്ന മാറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ 14ല്‍ ഒന്‍പതാമതൊരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ പദ്ധതിയിടുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലായിരിക്കും പുതിയ ടീമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദ് തന്നെയാകും. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമകളെന്നാണ് സൂചന.
അതേസമയം കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഐപിഎല്ലിന്റെ 13-ാം പതിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ബിസിസിഐ. അടുത്ത സീസണിലേക്കുള്ള താര ലേലം 2021 തുടക്കത്തില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.