ചെന്നൈ: സിനിമ മേഖലയുടെ പേടിസ്വപ്‌നമായിരുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തു. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം ആമസോണ്‍ ഇന്റര്‍ നാഷണല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്റര്‍നെറ്റില്‍ നിന്ന് സ്ഥിരമായി നീക്കിയതിനാല്‍ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇനി ഇന്റര്‍നെറ്റില്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിവരം.
തിങ്കളാഴ്ച മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. അതേസമയം ബ്ലോക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ഡൊമൈനുകള്‍ പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് ഇത്. അതിനാല്‍ വൈകാതെ തന്നെ സൈറ്റ് ലഭ്യമായേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന വെബ്‌സൈറ്റ് പൂട്ടിക്കാന്‍ പല ഭാഗങ്ങളില്‍ നിന്ന് ശ്രമം നടന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. സിനിമാ നിര്‍മാതാക്കള്‍ അടക്കം പരാജയപ്പെട്ട ദൗത്യമാണ് ഇപ്പോള്‍ ഒടിടി പ്ലാറ്റ് ഫോം ഏറ്റെടുത്തത്.
ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈ ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതു കാലൈ എന്നീ ചിത്രങ്ങള്‍ പ്രീമിയറിനൊപ്പം തന്നെ തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പികള്‍ തുടര്‍ച്ചയായി റോക്കേഴ് സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെടാറുണ്ട്. തമിഴ് സിനിമകളാണ് കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നത്.