English हिंदी

Blog

sensex-1

 

മുംബൈ: ഇന്നലെയുണ്ടായ തകര്‍ച്ചയെ അതിജീവിച്ച്‌ ഓഹരി വിപണി ഇന്ന്‌ ശക്തമായ കരകയറ്റം നടത്തി. സെന്‍സെക്‌സ്‌ 452 പോയിന്റും നിഫ്‌റ്റി 133 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. സെന്‍സെക്‌സ്‌ 46,006ലും നിഫ്‌റ്റി 13,464ലും ക്ലോസ്‌ ചെയ്‌തു.

നിഫ്‌റ്റി 13,193 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഇടിവ്‌ നേരിട്ടിരുന്നു. 13,446 പോയിന്റ്‌ വരെ രാവിലെ ഉയര്‍ന്ന നിഫ്‌റ്റി വ്യാപാരത്തിനിടെ 150 പോയിന്റ്‌ വരെ ഇടിഞ്ഞു. രാവിലെ മിക്കവാറും എല്ലാ മേഖലകളും നഷ്‌ടത്തിലായിരുന്നു. എന്നാല്‍ ഉച്ചക്കു ശേഷം വിപണിയില്‍ കരകയറ്റം ദൃശ്യമായി.

Also read:  ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം; ആറ് കൊല്ലത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കും

ശക്തമായ ചാഞ്ചാട്ടമാണ്‌ ഇന്നും വിപണിയില്‍ ദൃശ്യമായത്‌. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്താന്‍ വൈകുമെന്ന ആശങ്ക പരന്നതുമാണ്‌ വിപണിയെ കടുത്ത ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചത്‌.

വ്യാപാരത്തിനിടെ ഏകദേശം 300 പോയിന്റിന്റെ വ്യതിയാനമാണ്‌ നിഫ്‌റ്റിയിലുണ്ടായത്‌. സെന്‍സെക്‌സ്‌ താഴ്‌ന്ന നിലയില്‍ നിന്നും ഏകദേശം 800 പോയിന്റ്‌ തിരികെ കയറി. അദാനി പോര്‍ട്‌സ്‌, എച്ച്‌സിഎല്‍ ടെക്‌ എന്നീ ഓഹരികള്‍ അഞ്ച്‌ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Also read:  ഓഹരി വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌

ഇന്നലെ നിഫ്‌റ്റിയിലെ 50 ഓഹരികളും നഷ്‌ടം നേരിട്ട സ്ഥാനത്ത്‌ ഇന്ന്‌ 43 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ്‌, എച്ച്‌സിഎല്‍ ടെക്‌, ടെക്‌ മഹീന്ദ്ര, ഇന്‍ഫോസിസ്‌, ഗെയില്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്‌റ്റി ഓഹരികള്‍.

ഐടി, ഫാര്‍മ ഓഹരികളാണ്‌ ഇന്ന്‌ വിപണിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. വിപണി ശക്തമായ ചാഞ്ചാട്ടം നേരിട്ടപ്പോഴും ഇന്‍ഫോസിസ്‌, എച്ച്‌സിഎല്‍ ടെക്‌ തുടങ്ങിയ ഐടി ഓഹരികള്‍ ഇന്ന്‌ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. നിഫ്‌റ്റി ഐടി സൂചിക മൂന്ന്‌ ശതമാനത്തിലേറെയും ഫാര്‍മ സൂചിക രണ്ട്‌ ശതമാനത്തിലേറെയും ഉയര്‍ന്നു. മിക്കവാറും എല്ലാ മേഖലകളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി.